കോട്ടയം: ദരിദ്ര കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കാനുള്ള ശ്രമം തടഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ ലോറിയുടെ ഡ്രൈവറെ ആക്രമിച്ചു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി മേമുറി തിരുവന്മൂലയില് ആദര്‍ശ് (21), പ്രവര്‍ത്തകരായ വാടമുറിക്കല് അരുണ്‍ (35), പുത്തേറ്റുപറമ്ബില് അക്ഷയ്കുമാര്‍ (21), പറക്കാട്ടുകുഴിയില് സിനിലാല്‍ (30) എന്നിവരെ കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മാന്‍വെട്ടം മേമുറി ചോകോംപറമ്ബില് ദീപാമോള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍ സെന്ററിന്റെ ശ്രമമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. ലോറി ഡ്രൈവര്‍ നമ്ബ്യാകുളം പണിക്കരേടത്ത് ജിബിനാണ് (21) ആക്രമണത്തിനിരയായത്.
അതീവ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ദീപമോളുടെ അവസ്ഥ മനസിലാക്കി സന്നദ്ധ സംഘടന വീട് നിര്‍മ്മിച്ചു നല്കാമെന്നേറ്റു. എന്നാല്‍ അയല്‍ക്കാരായ ആദര്‍ശിന്റെ കുടുംബം വഴിത്തര്‍ക്കത്തിന്റെ പേരില്‍ വീട് നിര്‍മ്മാണ സാമഗ്രികളുമായി എത്തിയ ലോറി തടയുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.