സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
കൽപ്പറ്റ: എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങൽ അബ്ദു സലാമിന്റെ മകൾ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സഹയാത്രികയും സുഹൃത്തുമായ അജ്മയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ കോളേജിലെ വിദ്യാർത്ഥികളാണ്.
മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗുമായി ബന്ധപ്പെട്ട് കൽപ്പറ്റയിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവിൽ തസ്കിയ സഞ്ചരിച്ച സ്കൂട്ടർ റോഡിൽ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ തസ്കിയ മരിച്ചു. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ബംഗളൂരുവിലും വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ചിരുന്നു. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
അപകടത്തെത്തുടർന്ന് ഇരുവർക്കും ഗുരുതര പരിക്ക് പറ്റിയിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ടാമത്തെയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് ഏറ്റുവാങ്ങി.