ഷേഡിക്കാനയിലെ പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച; 15 പവൻ സ്വർണം കവർന്നു; സമീപത്തെ രണ്ടുവീടുകളിലും കവർച്ച നടന്നതായി സൂചന
കാസർകോട്: ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ഷേഡിക്കാനയിലെ പൂട്ടിയിട്ട വീട്ടിൽ
വൻ കവർച്ച. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണം കവർന്നു. സമീപത്തെ രണ്ടു
പ്രവാസികളുടെ വീടുകളിലും കവർച്ച നടന്നതായി സൂചനയുണ്ട്. ബദിയടുക്ക പൊലീസെത്തി
അന്വേഷണം ആരംഭിച്ചു. ഷേഡിക്കാന സ്വദേശി മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് ബുധനാഴ്ച
പുലർച്ചേ കവർച്ച നടന്നത്. മുഹമ്മദ് ഷാഫിയും കുടുംബവും ചൊവ്വാഴ്ച വീട് പൂട്ടി ബന്ധുവീട്ടിൽ
പോയിരുന്നു. ബുധനാഴ്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.
വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ
സൂക്ഷിച്ചിരുന്ന 15 പവനിലധികം വരുന്ന സ്വർണാഭരങ്ങൾ നഷ്ടമായിട്ടുണ്ട്. പരാതിയെ തുടർന്ന്
ബദിയടുക്ക പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ അടച്ചിട്ട
രണ്ടുവീടുകളിലും മോഷണം നടന്നതായി സൂചനയുണ്ട്. പ്രവാസികളായ മുഹമ്മദ് കലന്തർ,
അബ്ദുൽ ഖാദർ എന്നിവരുടെ വീടുകളിലാണ് വാതിൽ തകർത്ത നിലയിൽ കണ്ടത്. ഇവിടെ നിന്നും
മോഷണം നടന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. പൊലീസ് വീട്ടുടമസ്ഥരുടെ ബന്ധുക്കളെ
വിളിച്ചുവരുത്തി പരിശോധന നടത്തുകയാണ്. വിശദമായ പരിശോധനയിൽ മാത്രമേ കവർച്ച
നടന്നിട്ടുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.