അസുഖത്തെ തുടർന്ന് നാട്ടിൽ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് നാട്ടിൽ എത്തിയ പ്രവാസിയായ യുവാവ് മരിച്ചു. പാറപ്പള്ളി പിഎച്ച് ശാഹിദ് (28)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. ദുബൈയിൽ അമ്മാവൻ പിഎച്ച് ബഷീറിന്റെ കടയിൽ ജോലി ചെയ്തിരുന്ന ഷാഹിദ് അസുഖ ബാധിതനായി മാസങ്ങളായി നാട്ടിൽ ചികിത്സലായിരുന്നു. ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന രോഗം ചികിൽസിച്ച് ഭേദമാക്കാൻ ബംഗളൂരു ഉൾപ്പെടെയുള്ള ആശുപത്രിയിൽ കൊണ്ട് പോയങ്കിലും ഫലം കണ്ടില്ല.
ദുബൈയിൽ ജോലി ചെയ്യവേ യുഎഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് റാഷിദ് അൽ മക്തൂമിനെയടക്കം സന്ദർശിച്ച് ഈദ് ആശംസകൾ നേരാൻ അപൂർവ അവസരം ശാഹിദിന് ലഭിച്ചിരുന്നു. കെഎംസിസി സജീവ പ്രവർത്തകൻ കൂടിയായ ശാഹിദ് സാമൂഹ്യ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
പരേതരായ ബേക്കൽ മൗവ്വലിലെ മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: മുസവ്വിറ(ചിത്താരി). ഏക മകൾ സുഹറ മെഹ്വിഷ് (രണ്ടരവയസ്). ഏക സഹോദരൻ ഷാനു (ദുബായ് കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി സെക്രട്ടറി).