വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകള്‍ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി
കോതമംഗലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനിയായ മകളുടെ മരണ വാര്‍ത്ത അറിഞ്ഞ അമ്മ ജീവനൊടുക്കി. നെല്ലിക്കുഴിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ഹനുമന്ത് നായിക്കിന്റെ ഭാര്യ ഗായത്രി (45), മകള്‍ സ്നേഹ (24) എന്നിവരാണ് മരിച്ചത്.
സ്നേഹ ചിറയിന്‍കീഴിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് രണ്ട് മാസമായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി മരിച്ചു. ഇത് ബന്ധു ഫോണിലൂടെ അറിയിച്ചതിനു പിന്നാലെ ഗായത്രി നെല്ലിക്കുഴി കമ്പനിപ്പടിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഹനുമന്ത് നായിക് ഈ സമയം തിരുവനന്തപരുത്ത് സ്നേഹയെ ചികിത്സിച്ച ആശുപത്രിയിലായിരുന്നു. മകന് ശിവകുമാറാണ് അമ്മയ്ക്ക് ഒപ്പം നെല്ലിക്കുഴിയിലെ ഫ്ളാറ്റിലുണ്ടായിരുന്നത്.
ഗായത്രിയുടെയും സ്നേഹയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി സ്വദേശത്തേക്ക് കൊണ്ടുപോയി. സ്നേഹ ആലുവ യു.സി. കോളേജില്‍ എം.ബി.എ. വിദ്യാര്‍ഥിനിയായിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോയ അവസരത്തില്‍ സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് സ്നേഹയ്ക്ക് പരിക്കേറ്റത്. ഹനുമന്ത് നായിക് വര്‍ഷങ്ങളായി കോതമംഗലത്തെ ജൂവലറിയില്‍ സ്വര്‍ണപ്പണിക്കാരനായി ജോലിചെയ്യുകയാണ്. 30 വര്‍ഷമായി ഹനുമന്തും കുടുംബവും നെല്ലിക്കുഴിയിലാണ് താമസം.