ബെെക്കുമായി കൂട്ടിയിടി; കാറിന് മുകളിൽ മൃതദേഹവുമായി ഡ്രെെവർ സഞ്ചരിച്ചത് 18 കിലോമീറ്റർ
അമരാവതി: കാറിന് മുകളിൽ മൃതദേഹവുമായി ഡ്രെെവർ സഞ്ചരിച്ചത് 18 കിലോമീറ്റർ. ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം നടന്നത്. ബെെക്കുമായി കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ഓടിക്കൊണ്ടിരുന്ന ടൊയോട്ട ഇന്നോവ കാറിന് മുകളിൽ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട നാട്ടുകാർ പൊലീസിനെ വിളിച്ച വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് കാർ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ബെെക്ക് ഓടിച്ചിരുന്ന ചോളസമുദ്രം ഗ്രാമത്തിലെ ട്രാക്ടർ മെക്കാനിക്കായ ജിന്നി എറ സ്വാമി (35) ആണ് മരിച്ചത്. പൊലീസ് എത്തുന്നതിന് മുൻപെ കാർ ഡ്രെെവർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുയായിരുന്ന സ്വാമിയുടെ ബെെക്കിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ സ്വാമി തെറിച്ച് കാറിന് മുകളിലേക്ക് വീണു. പിന്നാലെ കാർ ഡ്രെെവർ വാഹനവുമായി സഞ്ചരിക്കുകയായിരുന്നു. കാർ ഡ്രെെവർ മദ്യപിച്ചിട്ടുണ്ടായിരിക്കാമെന്നും അതിനാൽ മുകളിൽ മൃതദേഹം കിടക്കുന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ട നാട്ടുകാരും മറ്റ് യാത്രക്കാരും കാർ തടഞ്ഞുനിർത്തുകയായിരുന്നു. എന്നാൽ ഇയാൾ കാർ ഉപേക്ഷിച്ച് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത നമ്പറാണ് കാറിന്റേത്.