കേന്ദ്ര സർവകലാശാലയിൽ പി.എച്ച്.ഡി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ
കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റലിൽ ഗവേഷക വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ ബാർഗാഹ് സൽഹേപളി സ്വദേശിനി റൂബി പട്ടേലാ(24)ണ് മരിച്ചത്. ഹിന്ദി ഡിപ്പാർട്ട്മെന്റ് മെന്റലിലെ പി.എച്ച്.ഡി വിദ്യാർഥിനിയാണ്. റൂബി നിള ഹോസ്റ്റലിലാണ് താമസം. ഹോസ്റ്റലിലെ കുളിമുറിയിലാണ് വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ ചൊവ്വാഴ്ച രാവിലെ സഹവിദ്യാർഥികൾ കണ്ടത്. ബേക്കൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മനോവിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മനോവിഷമത്തിനു ഇടയാക്കിയതിന്റെ കാരണം എന്താണെന്നു വ്യക്തമല്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉത്തർ പ്രദേശ് സ്വദേശിയായ നിധീഷ് യാദവ് എന്ന വിദ്യാർത്ഥിയെയും ക്യാമ്പസിനകത്ത് തൂങ്ങി മരിച്ചിരുന്നു. പ്രണയനൈരാശ്യമാണെന്നു വ്യക്തമാക്കുന്ന കുറിപ്പ് അന്ന് കണ്ടെത്തിയിരുന്നു.