സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും നല്‍കിയില്ല; യുവതിയെ മര്‍ദിച്ച് കൊന്നതായി പരാതി
ന്യൂഡല്‍ഹി: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആഡംബരവാഹനമായ ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കാത്തതിനാലാണ് ഭര്‍തൃവീട്ടുകാര്‍ കരിഷ്മയെ ഉപദ്രവിച്ചതെന്നാണ് സഹോദരന് നല്കിയ പരാതിയിലെ ആരോപണം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കരിഷ്മയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവദിവസം കരിഷ്മ സഹോദരന് ദീപക്കിനെ ഫോണില്‍വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തന്നെ മര്‍ദിച്ചെന്നാണ് കരിഷ്മ ഫോണിലൂടെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കരിഷ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
2022 ഡിസംബറിലാണ് ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ വികാസും കരിഷ്മയും വിവാഹിതരായത്. വിവാഹസമയത്ത് 11 ലക്ഷം രൂപയുടെ സ്വര്‍ണവും ഒരു എസ്.യു.വി.യും യുവതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍, ഇതുപോരെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നുമായിരുന്നു ഭര്‍തൃവീട്ടുകാരുടെ ആവശ്യം. ഇതിന്റെപേരില്‍ യുവതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും സഹോദരന് ആരോപിച്ചു.
കരിഷ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഉപദ്രവം രൂക്ഷമായി. നാട്ടുപഞ്ചായത്ത് ചേര്‍ന്ന് പലതവണ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് 10 ലക്ഷം രൂപ കൂടി യുവതിയുടെ കുടുംബം ഭര്‍ത്താവിന് നല്കി. എന്നാല്‍, ഇതുകൊണ്ടും ഉപദ്രവം അവസാനിച്ചില്ലെന്നാണ് സഹോദരന് പറയുന്നത്. ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു വികാസിന്റെയും കുടുംബത്തിന്റെയും ആവശ്യം. ഇതിന്റെപേരില്‍ യുവതിയെ നിരന്തരം മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
അതേസമയം, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് വികാസ്, ഇയാളുടെ മാതാപിതാക്കളായ സോംപാല്‍ ഭാട്ടി, രാകേഷ്, സഹോദരങ്ങളായ റിങ്കി, സുനില്‍, അനില്‍ എന്നിവര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതിയായ വികാസിനെയും ഇയാളുടെ പിതാവിനെയും അറസ്റ്റ് ചെയ്തതായും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.