റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്, സാബിത്…. ഒടുവില്‍ റിയാസ് മൗലവി വധക്കേസിലും പ്രതികളെ വെറുതെവിട്ടു! കാസര്‍കോട്ട് 2008 മുതല്‍ വര്‍ഗീയ കൊലപാതകങ്ങളില്‍ ജീവൻ നഷ്ടമായത് 10ലധികം പേര്‍ക്ക്; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടര്‍ത്തുന്നു
കാസർകോട്: ജില്ലയിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആശങ്ക പടർത്തുന്നു.
കാസര്‍കോട്ട് 2008 മുതല്‍ സാമുദായിക സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 10ലധികം പേരാണ്. എന്നാല്‍ ഈ കേസുകളില്‍ പലതിലും പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്ന കാഴ്ചയാണ് മുൻകാലങ്ങളില്‍ കണ്ടത്. അർഹമായ ശിക്ഷ ലഭിക്കാത്തത് കാസർകോടിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കുമോയെന്ന ആശങ്ക നിയമ വിദഗ്ധരും സാമൂഹ്യ പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്.
സന്ദീപ്, മുഹമ്മദ് സിനാന്, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിശാദ്, റഫീഖ്, ഉപേന്ദ്രന്, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ ചുരുങ്ങിയ കാലങ്ങളില്‍ കാസര്‍കോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതില്‍ റഫീഖ്, റിശാദ്, അസ്ഹര്‍, ഉപേന്ദ്രൻ, സിനാന്, സാബിത്, ഏറ്റവും ഒടുവിലായി റിയാസ് മൗലവി വധക്കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മറ്റു കേസുകളില്‍ പലതും വിചാരണ ഘട്ടത്തിലാണ്. പൊലീസ് അന്വേഷണത്തിലെ പാളിച്ചകളും പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചകളുമാണ് പല കേസുകളിലെയും പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്ന വിമർശനവുമുണ്ട്.
2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന് കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് ജില്ല പ്രിന്‍സിപല്‍ സെഷന് കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തില്‍ പറയുന്നു. നിലവാരമില്ലാത്ത രീതിയില്‍ ഏകപക്ഷീയമായാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
റിയാസ് മൗലവി വധക്കേസില്‍ യുഎപിഎ ചുമത്തണമെന്ന ആവശ്യം പലരും ഉയർത്തിയിരുന്നുവെങ്കിലും അതുണ്ടായില്ല. കർശനമായ വകുപ്പുകള്‍ ചുമത്തിയാല്‍ പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുന്നത് തടയാമെന്നായിരുന്നു ഇവർ ഉന്നയിക്കുന്ന വാദം. വർഗീയ സംഘർഷാന്തരീക്ഷം ഉണ്ടായിരുന്ന കാസർകോട്ട് റിയാസ് മൗലവിയുടെ കൊലപാതകം വഴിത്തിരിവായിരുന്നു. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും സംഭവം നടന്ന ശേഷം ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല.
നിയമ സംവിധനത്തിന്റെ കർശന നടപടികള്‍ കാരണം കാസർകോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊലപാതകം നടന്നിരുന്നില്ല. നാടിന്റെ സമാധാനവും മതസൗഹാര്‍ദവും തകര്‍ക്കുന്ന ശക്തികള്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണെന്നാണ് റിയാസ് മൗലവി വധക്കേസിലെ കോടതി വിധി നല്കുന്ന സന്ദേശമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.