പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ആറുപേർക്ക് ഗുരുതര പരിക്ക്
പെരുമ്പാവൂർ: മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മലയാറ്റൂർ സ്വദേശി സദൻ (53) ആണ് മരിച്ചത്. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും വന്ന ഇന്നോവ എതിർദിശയിൽ വന്ന ഓട്ടോയിലും കാറിലും ഇടിക്കുകയായിരുന്നു. എതിർ ദിശയിൽ വന്ന കാറിലെ യാത്രക്കാരനാണ് മരിച്ച സദൻ. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരാണ് പരിക്കേറ്റ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്ക്. ഓട്ടോ ഡ്രൈവറെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അങ്കമാലി ഭാഗത്ത് നിന്നും രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർദിശയിൽ വന്ന കാർ. മൂവാറ്റുപുഴ ഭാഗത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയതാണ് ഇന്നോവ കാർ.