ഉപ്പള ആക്സിസ് ബാങ്ക് എ ടി എം കവർച്ച: അന്വേഷണ സംഘം കർണ്ണാടകയിലും തമിഴ്നാട്ടിലും; കവർച്ചാസംഘം ഉടൻ പിടിയിലാവുമെന്നു പ്രതീക്ഷ
കാസർകോട്: ഉപ്പള ആക്സിസ് ബാങ്ക് എ ടി എമ്മിൽ നിറയ്ക്കാൻ എത്തിച്ച 50 ലക്ഷം രൂപ
കൊള്ളയടിച്ചതു സംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിച്ചു. ഡി വൈ എസ് പിക്കാണ് അന്വേഷണ ചുമതല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളെ കർണ്ണാടകയിലും തമിഴ്നാട്ടിലും നിയോഗിച്ചു. കവർച്ചാ സംഘം തമിഴ്നാട്ടിലെ തരിട്ടു സംഘം തന്നെയാണെന്ന് പൊലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഉപ്പളയിലെ എ ടി എമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണം കൊള്ളയടിച്ച ദിവസം കർണ്ണാടകയിൽ ഇതേ സംഘം ഒരു കാറിന്റെ ചില്ല് ഇത്തരത്തിൽ പൊളിച്ച് അതിനുള്ളിൽ നിന്നു പണവും ലാപ്ടോപ്പും കൊള്ളയടിച്ചതിന്റെ സി ടി ടി വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. അതിനിടയിൽ കവർച്ചാ സംഘത്തിന്റെ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്നു കണ്ടെത്തി അന്വേഷണ സംഘം അവിടെ എത്തുമ്പോൾ ലൊക്കേഷൻ കർണ്ണാടകയിൽ കാണിക്കുന്നതായും അന്വേഷണ സംഘം സൂചിപ്പിച്ചു. ഇതിനെ തുടർന്നാണ് അന്വേഷണ സംഘത്തെ രണ്ടായി വിഭജിച്ച് ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുള്ളത്. കുറ്റവാളികളെ താമസിയാതെ പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.