112 ലിറ്റർ കർണാടക നിർമിത മദ്യവും 125 ലിറ്റർ വാഷും പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
കാസർകോട്: ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് ജില്ലയിൽ എക്സൈസ് വകുപ്പിന്റെ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ഊർജിതമാക്കി. വെള്ളിയാഴ്ച 112 ലിറ്റർ കർണാടക നിർമിത മദ്യവും 125 ലിറ്റർ വാഷും പിടിച്ചെടുത്തു. മീഞ്ച ബേരിക്കയിൽ വെച്ച് കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വഡ് മീഞ്ച ബേരിക്കയിൽ നടത്തിയ റെയ്ലിൽ കർണാടകയിൽ നിന്ന് കേരളത്തിലെത്തിച്ച് വിതരണം ചെയ്യാൻ ഒരുക്കിയ മദ്യ ശേഖരം കണ്ടെടുത്തു. ബേരിക്ക സ്വദേശി രാധാകൃഷ്ണന്റെ(54) വീട്ടിൽ നിന്ന് 112.32 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ (ഗ്രേഡ്) കെവി മുരളിയും സംഘവും നടത്തിയ പരിശോധനയിലാണ് അന്തർസംസ്ഥാന മദ്യ കടത്തു സംഘത്തിലെ ഒരാളെ പിടികൂടിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച കർശന പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ കർണാടക കേരള അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷിത സ്ഥലങ്ങളിൽ മദ്യം ശേഖരിച്ചുവച്ച് ജില്ലയുടെ ഇതര സ്ഥലങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കാനുള മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിന്റെ പങ്കിനെക്കുറിച്ചും എക്സൈസ് അന്വേഷണം നടത്തുന്നുണ്ട്. പിടിക്കപ്പെട്ടയാൾ ഇടനില നിലക്കാരനാണെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ നീലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാറും സംഘവും നടത്തിയ പരിശോധനയിൽ വെള്ളരിക്കുണ്ട് മാലോം വാഴത്തട്ടിലെ കാട്ടിൽ സൂക്ഷിച്ച 125 ലിറ്റർ വാഷ് കണ്ടെടുത്തു. സൂക്ഷിച്ചുവച്ച ആളെ പിടികൂടാനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.