വിദ്യാർഥിനിയുടെ പരാതി: കാസർകോട് ഗവ. കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ
കാസർകോട്: കാസർകോട് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സർക്കാർ. 2022 ഓഗസ്റ്റിൽ വിദ്യാർഥിനി നൽകിയ പരാതിയിലാണ് നീക്കം. വിരമിക്കൽ ദിനത്തിൽ അധ്യാപികയ്ക്കെതിരെ കോളജ് വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് വന്നിരുന്നു. കോളജിലെ വിദ്യാർഥിനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മറ്റൊരു പരാതിയിൽ വകുപ്പ് തല അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സർക്കാർ നടപടി എസ്എഫ്ഐ നേതാക്കളുടെ സമ്മർദങ്ങൾക്ക് വഴങ്ങിയെന്ന് അധ്യാപികയുടെ ആരോപണം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാസർകോട് ഗവൺമെന്റ് കോളേജിൽ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയർന്നതോടെ പ്രിൻസിപ്പൽ രമയെ നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം നൽകിയിരുന്നു. പ്രിൻസിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ് എഫ് ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ നിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിൻസിപ്പൽ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു എസ്എഫ്ഐ ഉപരോധം.
കോളേജിലെ ഫിൽട്ടറിൽ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നാണ് പരാതി ഉയർന്നത്. 20 മിനിട്ടിന് ശേഷമാണ് വിദ്യാർത്ഥികളെ തുറന്ന് വിട്ടതെന്നും പരാതിക്കാർ പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പിന്നീട് പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുണ്ടായില്ലെന്നും വീണ്ടും പ്രിൻസിപ്പൽ മോശമായി പെരുമാറിയെന്നുമായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പിന്നീട് ജൂലൈയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഈ അച്ചടക്ക സ്ഥലംമാറ്റം റദ്ദാക്കിയിരുന്നു.