ഈ കണ്ണുനീര് കാണാതെ പോകരുത്; മുന്നിലുള്ളത് 19 ദിവസം മാത്രം, മകനെ രക്ഷിക്കാന്‍ സഹായത്തിന് അപേക്ഷിച്ച് ഈ ഉമ്മ
കോഴിക്കോട്: കണ്ണില്‍ നിന്നും ഇടമുറിയാതെ ഉതിര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രമായിരുന്നു ആ ഉമ്മക്ക് മാധ്യമങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന മറുപടി. തന്റെ മകനെ ഒരുനോക്ക് കാണാനായുള്ള രണ്ട് പതിറ്റാണ്ടോടുത്ത കാത്തിരിപ്പിന്റെ കഥ ഏവരുടെയും മിഴികള്‍ ഈറനണിയിക്കുന്നതായിരുന്നു ആ ഉമ്മയുടെ നൊമ്പരം. ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയാണ് 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന മകന് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പൊതുസമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്.
2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന് ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്കാന് അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.
ഏപ്രില്‍ 16നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ. എം.പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉമ്മയുടെ പേരിലുള്ള 9037304838, 9567483832 എന്നീ നമ്പറുകളില്‍ ഗൂഗിള്‍ പേ ആയി പണം അടയ്ക്കാം.