കാസർകോട് ഉപ്പളയിൽ പട്ടാപ്പകൽ അരക്കോടി രൂപ കൊള്ളയടിച്ച സംഭവം;പിന്നിൽ ക്വട്ടേഷൻ സംഘം
കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറക്കാനെത്തിയ വാഹനത്തിൽ നിന്നും
അരക്കോടി രൂപ പട്ടാപ്പകൽ കൊള്ളയടിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷൻ സംഘം. പൊലീസ്
നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ഇതേ തുടർന്ന് കാസർകോട്
ഡി.വൈ.എസ്.പി ഹരിനാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഉടൻ
തമിഴ്നാട്, തൃശിനാപ്പള്ളിയിലേക്ക് പോകും. മാർച്ച് 27ന് ഉച്ചക്കാണ് ഉപ്പള ടൗണിലെ എടിഎമ്മിൽ
പണം നിറക്കാനെത്തിയ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ നിന്ന് പണം കൊള്ളയടിച്ചത്.
വാഹനത്തിന്റെ ചില്ലു തകർത്ത് അകത്തേക്ക് കയ്യിട്ട് പണമടങ്ങിയ ബാഗുമായി ഒരാൾ
കടന്നുകളയുകയായിരുന്നു. ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നീട്
പണം മറ്റൊരാൾക്ക് കൈമാറുകയും ചെയ്യുന്നതിന്റെയും തുടർന്ന് ഒരു കാറിൽ
കയറുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിരുന്നു. പ്രസ്തുത കാർ കണ്ടെത്തിയെങ്കിലും കൊള്ളക്കാർ
പൊലീസിനെ സമർത്ഥമായി കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ
വ്യക്തമായിരുന്നു. ഉപ്പള ടൗണിൽ ഏതോ ആവശ്യത്തിനെത്തിയ ഒരാളുടേതാണ് കാർ.
നിർത്തിയിട്ട ഈ കാറിന്റെ ഒരു ഭാഗത്ത് കൂടി കയറിയ മോഷ്ടാവ് മറുഭാഗത്തു കൂടി
പുറത്തിറങ്ങിപ്പോവുകയായിരുന്നു. ഇറങ്ങിപ്പോയ ഭാഗത്തെ സിസിടിവി ക്യാമറയിലെ ചിത്രം
പരിശോധിച്ചപ്പോഴാണ് പ്രൊഫഷണൽ സംഘത്തിന്റെ അതിബുദ്ധി പൊലീസിനു വ്യക്തമായത്.
ആൾക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ട് സംഘം എങ്ങനെയാണ് രക്ഷപ്പെട്ടതെന്നു വ്യക്തമല്ല. സംഘം
മംഗളൂരുവിലേക്ക് പോയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. പട്ടാപ്പകൽ നടന്ന കൊള്ളയ്ക്കു പിന്നിൽ ഒരാളുടെ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. പ്രസ്തുത ആൾ തമിഴ്നാട്ടിലെ കവർച്ചക്കാരുടെ കുപ്രസിദ്ധ കേന്ദ്രമായ ‘തിരുട്ടുഗ്രാമത്തിലെ’ പ്രൊഫഷണൽ ആൾക്കാരെ അന്വേഷണ സംഘം കണക്കുകൂട്ടുന്നു ഉപയോഗപ്പെടുത്തിയിരിക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു