അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത: യുവാവ് കാർ അമിത വേഗത്തിൽ ഇടിപ്പിച്ചതാണെന്ന് സംശയം
പത്തനംതിട്ട: അടൂർ പട്ടാഴിമുക്കിൽ കഴിഞ്ഞ ദിവസം രാത്രി 11.30ന് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ ജിഎച്ച്എസ്എസിലെ അദ്ധ്യാപികയായ നൂറനാട് സ്വദേശിനി അനൂജ ( 36) ചാരുംമൂട് പാലന്മേൽ ഹാഷിം മൻസിലിൽ ഹാഷിം (35) എന്നിവരാണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞാണ് അനൂജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേഗതയിൽ ലോറിയിൽ ഇടിപ്പിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപകട സ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. സഹ അദ്ധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അനൂജയെ ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടു പോകുമ്പോൾ മറ്റ് അസ്വഭാവികതയൊന്നും തോന്നിയിട്ടില്ലെന്ന് അദ്ധ്യാപകർ പറയുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
ഇതിനിടെ, ഞങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അനൂജ സഹ അദ്ധ്യാപികയോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹഅദ്ധ്യാപകരമാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും പൊലീസ് കണ്ടെത്തിയിരുന്നു. അനൂജയും ഹാഷിമും ഏറെ നാളായി അടുപ്പത്തിലാണെന്നാണ് വിവരം. അമിത വേഗത്തിലെത്തിയ കാർ കണ്ടെയിനർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. അഗ്മിശമന സേനയും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.