കൊടുവള്ളിയിൽ വീട്ടമ്മയുടെ ടെലഗ്രാം ആപ്പിലേക്ക് ലിങ്ക് അയച്ച് 12.40 ലക്ഷം തട്ടി; യുവാവ് പിടിയിൽ
കൊടുവള്ളി(കോഴിക്കോട്: ഓൺലൈൻ വഴി വീട്ടമ്മയെ കബളിപ്പിച്ച് 12.40 ലക്ഷം തട്ടിയ പ്രതികളിലൊരാളെ കൊടുവള്ളി പോലീസ് പിടികൂടി. പുതുപ്പാടി അമ്പലക്കണ്ടി ഉവൈസ് സുൽത്താൻ (22) ആണ് പിടിയിലായത്. ടെലിഗ്രാം ആപ്പിലൂടെ ലിങ്ക് അയച്ചുനൽകി ലിങ്ക് വഴി കോയിൻ പർച്ചേസ് ചെയ്ത് കൂടുതൽ പണം ഉണ്ടാക്കാമെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓമശ്ശേരി പുത്തൂരിലെ വീട്ടമ്മയിൽനിന്ന് പണം തട്ടിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയുടെ ഫോണിലെ ടെലഗ്രാം ആപ്പിലേക്ക് ലിങ്ക് അയച്ചുനൽകുകയും അതിൽ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് ലിങ്കിൽ പ്രവേശിച്ചതോടെ ടാസ്ക് കോയിൽ പർച്ചേഴ്സ് ചെയ്യുക എന്ന് നിർദേശം ലഭിക്കുകയും അതിനായി 6000 രൂപ അയച്ചു കൊടുക്കാനാവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് പരാതിക്കാരി അക്കൗണ്ട് വഴി പണം അയച്ചുനൽകുകയായിരുന്നു. പിന്നീട് അയച്ച തുക തിരികെ കിട്ടണമെങ്കിൽ അടുത്ത ടാസ്ക് ചെയ്യണമെന്നുപറഞ്ഞു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ ജനുവരി 30 മുതൽ ഫെബ്രുവരി എട്ടുവരെ വിവിധ അക്കൗണ്ടുകളിലേക്കായി 12.40 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.
പ്രതി ഉവൈസിന്റെ അക്കൗണ്ടിൽനിന്ന് 10 ലക്ഷം രൂപ ബാലുശ്ശേരിയിലെ ഒരു സ്വകാര്യ ബാങ്കിൽനിന്ന് ചെക്ക് നൽകി പിൻവലിച്ചിരുന്നു. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ടെന്ന് കൊടുവള്ളി പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ സി. ഷാജു, സബ് ഇൻസ്പെക്ടർ പി. പ്രകാശൻ, എസ്.സി.പി.ഒ.മാരായ എ.കെ. രതീഷ്, ദിജീഷ്, സി.പി.ഒ. സത്യരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.