ആയുധമുള്ള സുരക്ഷാജീവനക്കാരൻ ഇല്ല, പ്രവർത്തിക്കാത്ത സി സിടി വി; എ.ടി.എമ്മിലേക്ക് കൊണ്ടുവന്ന പണം കവർന്നതിൽ ദുരൂഹത
ഉപ്പള(കാസർകോട്): കോടിക്കണക്കിന് രൂപയുമായി എ.ടി.എമ്മുകൾ ലക്ഷ്യമിട്ട് നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന വാൻ ഇന്ന് പരിചിത കാഴ്ചയാണ്. അതിൽ ആയുധമേന്തിയ സുരക്ഷാ ജീവനക്കാരും സഹായികളും ഉണ്ടാകാറുമുണ്ട്. എന്നാൽ, ഉപ്പളയിൽ നടന്ന കവർച്ച ഞെട്ടലിനിടയിലും സിനിമാക്കഥ പോലെയാണ് നാട് കേട്ടത്. അത് ഒരുപാട് സംശയങ്ങളും ഉയർത്തുന്നുണ്ട്. നിരത്തിൽ വാഹനങ്ങളൊഴിയാത്ത, സദാസമയവും തിരക്കുള്ള ചെറുനഗരത്തിലാണ് ബുധനാഴ്ച വൈകിട്ട് വാഹനത്തിന്റെ ചില്ല് തകർത്ത് എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ ഒരാൾ കവർന്നത്. അതാണ് സംഭവത്തിൽ അടിമുടി ദുരൂഹതയുയർത്തുന്നതും.
മംഗളൂരു ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്തോടുചേർന്ന ഭാഗത്തുനിന്നാണ് വലിയ തുക മോഷണം പോയത്. സാധാരണഗതിയിൽ ചെറിയൊരു സംഭവമുണ്ടായാൽപ്പോലും വേഗത്തിൽ ആളുകൾ ഓടിക്കൂടുന്ന സ്ഥലമായിട്ടുകൂടി എങ്ങനെ അയാൾക്ക് എളുപ്പത്തിൽ പണവുമായി രക്ഷപ്പെടാൻ കഴിഞ്ഞുവെന്നതാണ് സംശയമുയർത്തുന്നത്.
മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിയുടെ വാഹനത്തിൽ നിന്നാണ് പണം കവർന്നത്. ഉപ്പള ടൗണിലെ പുതുതലമുറ ബാങ്കിന്റെ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ ജീവനക്കാർ പോയ സമയത്തായിരുന്നു കവർച്ച. വാഹനത്തിന്റെ പിൻസീറ്റിൽ വെച്ച പണമടങ്ങിയ ബാഗുമെടുത്താണ് മോഷ്ടാവ് കടന്നുകളഞ്ഞത്.