സിദ്ധാർത്ഥ് മരിച്ചദിവസം ഹോസ്റ്റലിലുള്ളവർ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയി, തെളിവായി ടിക്കറ്റും സൂക്ഷിച്ചു; ദുരൂഹത
വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലുള്ളവർ ആന്റി റാഗിംഗ് സ്ക്വാഡിന് നൽകിയ മൊഴിയിൽ ദുരൂഹത. ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസം ഹോസ്റ്റലിലുള്ളവർ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്നാണ് മൊഴി നൽകിയത്.
ഇവർ കൂട്ടത്തോടെ ബത്തേരിയിലും കൽപ്പറ്റയിലും സിനിമയ്ക്ക് പോയെന്നും, കുറച്ചുപേർ തലശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്ക് പോയെന്നുമാണ് ആന്റി റാഗിംഗ് സ്ക്വാഡിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിലുള്ളവർ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്.
സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന് കാണിക്കാൻ സിനിമാ ടിക്കറ്റ് സൂക്ഷിച്ച് വച്ചിരുന്നവരുമുണ്ട്. സിദ്ധാർത്ഥ് ശുചിമുറിയിലേക്ക് നടന്നുപോകുന്നത് കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയുള്ളു. 18ന് രാവിലെ ഡോർമിറ്ററിയിലെ കട്ടിലിൽ പുതപ്പ് തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നത് കണ്ടിരുന്നുവെന്ന മൊഴിയാണ് ബാക്കിയുള്ളവർ നൽകിയത്. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു. സംഭവത്തിന് ശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാൾ രാജിവച്ചു. സിദ്ധാർത്ഥിന് നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫോണിൽ പകർത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.