129.24 ലിറ്റർ കർണാടക നിർമിത മദ്യം പിടികൂടി; ഡ്രൈവർ രക്ഷപ്പെട്ടു
കാസർകോട്: എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 129.24 ലിറ്റർ കർണാടക നിർമിത മദ്യം പിടികൂടി. അബ്ദാരി നിയമപ്രകാരം കേസെടുത്തു. ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. സർക്കിൾ ഇൻസ്പെക്ടർ ജി.എ ശങ്കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ എക്സൈസ് ഓഫീസർമാരായ വി.മഞ്ചുനാഥൻ, കെ.സതീശൻ, എക്സൈസ് ഡ്രൈവർ പി.എ ക്രിസ്റ്റീൻ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സി.ഇ.ഒ അമൽജിത്ത്, എ.സത്യൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു മദ്യം. രക്ഷപ്പെട്ട ഡ്രൈവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.