കഞ്ചാവ് ശേഖരവുമായി പിടിയിലായയാളുടെ വീട്ടില്‍ പരിശോധന; ഒന്നരക്കിലോ കൂടി കണ്ടെടുത്തു
കോഴിക്കോട്: കഞ്ചാവ് സഹിതം പിടിയിലായ വ്യക്തിയുടെ വീട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒന്നരക്കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വന്‍ കഞ്ചാവ് ശേഖരവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് തലയാട് തോട്ടില്‍ ഹൗസില്‍ ഹര്‍ഷാദിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ലഭിച്ചത്. ഇയാളുടെ പൂനൂര് കോളിക്കല്‍ മുണ്ടപ്പുറത്തുള്ള വാടക വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.
കോഴിക്കോട് ഐബി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ചന്ദ്രന് കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഹര്‍ഷാദിനെ പോലീസ് പിടികൂടിയതോടെ വീട്ടുകാര്‍ ഈ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മോയത്തിന്റെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.