രണ്ടര വയസുകാരിയുടെ മരണം; കുഞ്ഞിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നത് വരെ മർദ്ദിച്ചു, രക്ഷിക്കാൻ ആരുമെത്തിയില്ലെന്ന് മാതാവ്
മലപ്പുറം: കണ്ണടച്ചാൽ വാവിട്ട് കരയുന്ന മകളുടെ മുഖമാണ് മനസിൽ തെളിയുന്നതെന്ന് കാളിക്കാവ് പിതാവിന്റെ മർദ്ദനത്തെ തുടർന്ന് മരിച്ച രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മാതാവ്. മകളെ ഭർത്താവായ മുഹമ്മദ് ഫായിസ് മർദ്ദിച്ചത് തടയാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് മാതാവ് ഷഹബാനത്ത് പറഞ്ഞു. പിതാവിന്റെ മർദ്ദനത്തിൽ നിന്നും മകളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ താനും ക്രൂരമർദ്ദനത്തിനിരയായിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തി.
‘ഫായിസ് നസ്റിന്റെ വായ പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിക്കുകയും തൂക്കിയെടുത്ത് അലമാരയിലൽ ഇടിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൂക്കിൽ നിന്ന് നുരയും പതയും വരുന്നതുവരെ മർദ്ദനം തുടർന്നു. മകളെ തന്നിൽ നിന്നും കഴിവതും അകറ്റിയാണ് ഭർത്താവും വീട്ടുകാരും വളർത്തിയത്. പലതവണ പൊലീസിൽ പരാതിപ്പെട്ടപ്പോഴും ഫായിസ് മർദ്ദിച്ച് പരാതി പിൻവലിപ്പിച്ചു. തുടർന്നും ഇത് നടക്കാതെവന്നപ്പോഴാണ് കുഞ്ഞിനുനേരെ തിരിഞ്ഞത്.ഫായിസിന്റെ സഹോദരിയും ഭർത്താവും അതേ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. തനിക്കും കുട്ടിക്കും നേരേയുള്ള അക്രമം തടയാൻ ആരും തയ്യാറായിരുന്നില്ല’- ഷഹബാനത്ത് പറഞ്ഞു.
ഭർത്താവിന്റെ മർദ്ദനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് വന്ന ഷഹബാനത്തും നസ്റിനും കഴിഞ്ഞ മാസം മൂന്നിനാണ് തിരികെ പോയത്. അതേസമയം, ഷഹബാനത്തിന്റെ മാതാവ് റംലത്തും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. മകളെ ഫായിസിനോടൊപ്പം പറഞ്ഞയക്കാൻ പൊലീസാണ് നിർബന്ധിച്ചതെന്ന് റംലത്ത് പറഞ്ഞു. പെൺകുട്ടികളെ കല്യാണം കഴിച്ചുവിട്ടാൽ ഭർത്താവിന്റെ വീട്ടിലാണ് കഴിയേണ്ടതെന്ന് പറഞ്ഞാണ് പൊലീസ് ഇടപെട്ടതെന്നും റംലത്ത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് നസ്റിനെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന വ്യാജേന ഫായിസ് ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്.നസ്റിന്റെ തലയിലും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ രക്തം കട്ടപിടിച്ചതായും വാരിയെല്ല് പൊട്ടിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പിതാവ് മുഹമ്മദ് ഫയിസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.