‘ജീവിതം മടുത്തത് കൊണ്ടാണ് പോകുന്നത്’; ഡോ. അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പി ജി സീനിയർ റസിഡന്റ് ഡോ. അഭിരാമിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ടാണ് പോകുന്നതെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പി ജി സീനിയർ റസിഡന്റായ അഭിരാമിയെ പിടി ചാക്കോ നഗറിലെ വീട്ടിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ കഴിഞ്ഞ രണ്ട് വർഷമായി യുവതി പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. അനസ്തേഷ്യ മരുന്ന് ഓവർ ഡോസായി കുത്തിവച്ച് മരിച്ചതായാണ് വിവരം. തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്.എച്ച്.എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം. ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബയിൽ ഇ.എസ്.ഐ ആശുപത്രി ഡോക്ടറാണ്.