ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം; ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് മാലയെടുത്ത് ഓടി
പാലക്കാട്: ഒറ്റപ്പാലത്ത് പട്ടാപ്പകൽ ജുവലറിയിൽ മോഷണം. ടി.ബി റോഡിലെ പാറയ്ക്കൽ ജുവലറിയിലാണ് മോഷണം നടന്നത്. ഹെൽമെറ്റ് ധരിച്ച് ജുവലറിക്കുള്ളിൽ കയറിയ ആൾ സ്വർണമാലയെടുത്ത് ഓടുകയായിരുന്നു. ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പ്രദർശനത്തിന് വെച്ചിരുന്ന രണ്ടര പവൻ തൂക്കംവരുന്ന മൂന്ന് മാലകളെടുത്ത് മോഷ്ടാവ് ഓടിയെങ്കിലും സ്കൂട്ടറിൽ കയറുന്നതിന് മുമ്പ് പോക്കറ്റിൽ ഇടുന്നതിനിട്ടെ രണ്ട് മാലകൾ നിലത്തുവീണു. ആളുകൾ കൂടിയതോടെ ഈ മാലകൾ ഉപേക്ഷിച്ച് ഇയാൾ സ്കൂട്ടറിൽ കടന്നു കളഞ്ഞു. പാലക്കാട് – കുളപ്പുള്ളി പാതയിലാണ് ഇയാൾ സ്കൂട്ടർ ഓടിച്ചുപോയത്.
ഒറ്റപ്പാലം എസ്.ഐ. പി. രാജേഷ് കുമാർ, ഇൻസ്പെക്ടർ ടി.പി ഫർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജുവലറിയിലെത്തി പരിശോധന നടത്തി.