പ്രവാസിയുടെ വീടു കുത്തിത്തുറന്ന് 25 പവനും വിദേശ കറൻസിയും കൊള്ളയടിച്ചു; കവർച്ച നടന്നത് കുടുംബസമേതം നോമ്പുതുറക്ക് പോയ തക്കം നോക്കി
കാസർകോട്: വീട്ടുകാർ കുടുംബസമേതം സഹോദരിയുടെ വീട്ടിൽ നോമ്പു തുറക്ക് പോയ
സമയത്ത് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസികളും കവർച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവർച്ച. പെരുന്നാൾ ആഘോഷത്തിനു നാട്ടിലെത്തിയതായിരുന്നു പ്രവാസിയായ സുബൈർ. തിങ്കളാഴ്ച വൈകുന്നേരം മാതാവ്, ഭാര്യ, നാലു മക്കൾ എന്നിവരെ കൂട്ടി ഉളുവാറിലുള്ള സഹോദരി നുസ്രത്തിന്റെ വീട്ടിൽ പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്. അകത്ത് കയറി നോക്കിയപ്പോൾ അലമാര കുത്തിപ്പൊളിച്ചതായും 25 പവൻ സ്വർണവും ദിർഹവും നഷ്ടപ്പെട്ടതായി വ്യക്തമായി. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസെത്തി പരിശോധന ആരംഭിച്ചു. സുബൈറും കുടുംബവും വീട്ടിൽ ഇല്ലെന്നു വ്യക്തമായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവർച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. പിൻഭാഗത്തെ ചെറിയ ഗേറ്റിലെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.