വ്യാജരേഖ ചമച്ച് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കി; പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
അടിമാലി: വ്യാജരേഖ ചമച്ച് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അഞ്ച് കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പര്‍ നല്‍കിയെന്ന കേസില്‍ സീനിയര്‍ ക്ലാര്‍ക്കിനെ രാജാക്കാട് പോലീസ് അറസ്റ്റുചെയ്തു. ബൈസണ്‍വാലി പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് തിരുവനന്തപുരം പൂവാര്‍ പരണിയം കാരുണ്യഭവനില്‍ അനീഷ് കുമാര്‍ (36)നെയാണ് അറസ്റ്റുചെയ്തത്.
ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. അനീഷ് കുമാര്‍ സീനിയര്‍ ഉദ്യോഗസ്ഥന്റെയും ജീവനക്കാരന്റെയും ഡിജിറ്റല്‍ ഒപ്പ് രഹസ്യമായി തരപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയത്. അനീഷ്കുമാര്‍ ഈ സെക്ഷനിലല്ല. സെക്ഷനിലെ ജീവനക്കാരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൈക്കലാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതിയിലുള്ള ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി സൂചനയുണ്ട്.
പഞ്ചായത്ത് വിജിലന്‍സ് വിഭാഗമാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. ഇവര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. പഞ്ചായത്ത് ഡയറക്ടര്‍ കെട്ടിടനമ്പറുകള്‍ റദ്ദാക്കി. അനീഷ് കുമാറിനെ അന്ന് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റുകയുംചെയ്തു. ഇയാളെ കോടതി റിമാന്‍ഡുചെയ്തു.