പിതാവിന്റെ ക്രൂരമർദ്ദനം;രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത
മലപ്പുറം: ഉദിരംപൊയിലിൽ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫാരിസിന്റെ മകൾ നസ്റിനാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫാരിസ് നസ്റിനെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുളളൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കുട്ടിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് മാതാവും ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. നസ്റിനെ ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഉളളതായും ബന്ധുക്കൾ പറയുന്നു. നസ്റിനെ കൊല്ലുമെന്ന് ഇയാൾ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായും മാതാവ് പൊലീസിനോട് വെളിപ്പെടുത്തി. മർദ്ദിക്കുന്നതിനിടയിൽ കുഞ്ഞിനെ ഇയാൾ കട്ടിലിലേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് നസ്റിൻ മരിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.