യുവാവ് മരിച്ചനിലയിൽ: ഒരാൾ ഓടിപ്പോയി, മറ്റൊരാൾ ബോധരഹിതനായി മൃതദേഹത്തിന് അരികിൽ; ദുരൂഹത
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ ബുധനാഴ്ച പുലർച്ചെ ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കുറുവങ്ങാട് അണേല ഊരാളി വീട്ടിൽ അമൽ സൂര്യയാണ് (25) മരിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് പ്രഭാതസവാരിക്കെത്തിയവർ അമലിനെ സ്റ്റേഡിയത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവാവ് മുഖം നിലത്തുകുത്തിയ നിലയിൽ ഓടയ്ക്ക് സമീപമാണുണ്ടായിരുന്നത്. സമീപത്തായി ഒരാൾ ബോധരഹിതനായി കിടപ്പുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ കുറുവങ്ങാട് സ്വദേശി മൻസൂറാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്തുനിന്ന് മറ്റൊരാൾ ഓടിപ്പോയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണമാരംഭിച്ചു.
മരിച്ച അമൽ സൂര്യയുടെ അച്ഛൻ: പ്രജിത്ത്. അമ്മ: ഗംഗ, സഹോദരി: ഉണ്ണിമായ. വിരലടയാളവിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ, വടകര ഡിവൈ.എസ്.പി. കെ. വിനോദ്കുമാർ, സി.ഐ. മെൽവിൻ ജോസ്, എസ്.ഐ. കെ. രാജീവൻ എന്നിവർ സ്ഥലത്തെത്തി.