പ്രവാസി വ്യവസായിയിൽനിന്ന് 108 കോടി തട്ടിയ മരുമകൻ്റെ വീട്ടിൽ ഇ.ഡി. റെയ്ഡ്; സ്വർണവും പണവും പിടിച്ചു
കൊച്ചി/കാസര്‍കോട്: പ്രവാസി വ്യവസായിയായ ഭാര്യാപിതാവില്‍നിന്ന് 108 കോടി രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതി ഹാഫിസ് മുഹമ്മദിന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ്. ഹാഫിസ് മുഹമ്മദ് കുതിരോളിയുടെ കാസര്‍കോട്ടെ വീട്ടിലടക്കം ഇയാളുമായി ബന്ധപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളിലാണ് ഇ.ഡി. സംഘം പരിശോധന നടത്തിയത്.
റെയ്ഡില്‍ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വര്‍ണവും ഇ.ഡി. സംഘം പിടിച്ചെടുത്തു. ഹാഫിസിന്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ.ഡി. മരവിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ കര്‍ണാടകയിലെ എം.എല്‍.എ. എന്‍.എ.ഹാരിസിന്റെ സ്റ്റിക്കര്‍ പതിച്ച കാറും ഹാഫിസിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. എന്‍.എ. ഹാരിസിന് അനുവദിച്ച ഔദ്യോഗിക സ്റ്റിക്കര്‍ പതിച്ച കാറാണ് ഇ.ഡി. റെയ്ഡിനിടെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ട്.
ആലുവ സ്വദേശിയും വ്യവസായിയുമായ അബ്ദുള്‍ ലാഹിര്‍ ഹസനില്നിന്നാണ് ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവായ ഹാഫിസ് മുഹമ്മദ് പണം തട്ടിയത്. ലാഹിര്‍ ഹസന്റെ പരാതിയില്‍ ഹാഫിസിനെയും ഇയാളുടെ കുടുംബാംഗങ്ങളെയും ക്രൈംബ്രാഞ്ച് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടുകയാണുണ്ടായത്.
ഭാര്യാപിതാവില്‍നിന്ന് കോടികള്‍ കൈക്കലാക്കിയ ഹാഫിസ്, പണമെല്ലാം ധൂര്‍ത്തടിച്ച് കളഞ്ഞെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിനിടെയാണ് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്.
മകളുടെ ഭര്‍ത്താവായ ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് 108 കോടി രൂപയും ആയിരം പവനും തട്ടിയെടുത്തെന്നായിരുന്നു ലാഹിര്‍ ഹസന്റെ പരാതി. അബ്ദുള്‍ ലാഹിര്‍ ഹസന് എന്‍.ആര്.ഐ. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്.
ആറു വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന് മകളെ ഹാഫിസിന് വിവാഹം ചെയ്ത് നല്‍കിയത്. തന്റെ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാനെന്ന മട്ടില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം.
ബെംഗളൂരുവില്‍ കെട്ടിടം വാങ്ങാന്‍ പണം നല്‍കിയെങ്കിലും വ്യാജരേഖ നല്കി കബളിപ്പിച്ചു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരില്‍ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈന്‍ ചെയ്യിപ്പിച്ച് ബൊട്ടീക് ഉടമയായ തന്റെ ഭാര്യയെയും കബളിപ്പിച്ചു. ഹാഫിസും കുടുംബാംഗങ്ങളും പാര്‍ട്ണര്‍മാരായ കുതിരോളി ബില്‍ഡേഴ്സിലേക്കും തട്ടിയെടുത്ത പണത്തില്‍ ഏഴ് കോടിയോളം രൂപ എത്തി. വിവാഹത്തിനു നല്കിയ 1000 പവന് സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു. തന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നരക്കോടി രൂപയുടെ റെയ്ഞ്ച് റോവര്‍ വാഹനം കൈവശപ്പെടുത്തി. മഹാരാഷ്ട്രയിലെ മന്ത്രിക്ക് എറണാകുളത്തുള്ള തന്റെ വാണിജ്യ കെട്ടിടം കച്ചവടമാക്കാമെന്ന പേരു പറഞ്ഞും കബളിപ്പിച്ചു. മന്ത്രിയുടെ വ്യാജക്കത്ത് ഉണ്ടാക്കി 47 കോടി രൂപയാണ് തട്ടിയെടുത്തത്. പല ഘട്ടത്തിലും പണം വാങ്ങുന്നതിനായി ഹാഫിസ് നല്കിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ഇതിനിടെ തന്റെ മകള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ദുബായിലുള്ള തന്റെ അടുത്തേക്ക് പോന്നുവെന്നും അബ്ദുള്‍ ലാഹിര്‍ ഹസന് പരാതിയില്‍ പറഞ്ഞിരുന്നു.