എടപ്പാൾ മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു, പത്ത് പേർക്ക് പരിക്ക്
എടപ്പാൾ: മേൽപ്പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് ഡ്രൈവറായ പാലക്കാട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടങ്ങിപ്പോകുകയായിരുന്നു. രണ്ട് മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് പിക്കപ്പ് വാൻ പിറകോട്ട് എടുത്തതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കെഎസ്ആർടിസി ബസ് അമിത വേഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എടപ്പാൾ മേൽപാലത്തിന് മുകളിൽ അടുത്തിടെയായി അപകടങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്.