വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലെ മറിമായത്തിന് ഉടന്‍ ‘പണി’; ശിക്ഷ ആര്.സി.റദ്ദാക്കല്‍ മുതല്‍ കേസ് വരെ
വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്. എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹനപരിശോധനയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഈ നിര്‍ദേശം നല്‍കിയത്.
നമ്പര്‍പ്ലേറ്റ് മറച്ചുവയ്ക്കുക, മടക്കിവയ്ക്കുക, വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നുമാസംമുതല്‍ ഒരുവര്‍ഷംവരെ ആര്.സി. സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. നിയമലംഘനം എ.ഐ.ക്യാമറയില്‍ പതിഞ്ഞാലും, നമ്പര്‍പ്ലേറ്റില്‍ കൃത്രിമം കാട്ടുന്നതിലൂടെ വാഹനം തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
കുറ്റം ചെയ്യുന്നവര്ക്കാകില്ല നോട്ടീസ് ലഭിക്കുന്നത്. ഇതു പരിഹരിക്കാനാണ് നടപടിക്കുള്ള നിര്‍ദേശം. നല്കിയ ചെലാന്‍ തെറ്റാണെന്നു ബോധ്യപ്പെട്ടാല്‍ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാതെ അത് റദ്ദാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ശിക്ഷാനടപടി ഇങ്ങനെ
2019 ഏപ്രില്‍ ഒന്നിനുശേഷം നിര്‍മിച്ച വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള അതിസുരക്ഷ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയശേഷം അനധികൃത നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും.
നമ്പര്‍പ്ലേറ്റ് ഇല്ലാത്തപക്ഷം വാഹനത്തിന്റെ ആര്.സി.ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടും.
മാസ്കോ തുണിയോ റിബണോ മറ്റോ ഉപയോഗിച്ച് നമ്പര്‍പ്ലേറ്റ് മറച്ചുവയ്ക്കുകയാണെങ്കില്‍ ആര്.സി. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടും.
മറ്റുള്ള വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഉപയോഗിക്കുന്നെന്നു കണ്ടെത്തിയാല്‍ ആര്.സി. ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
നമ്പര്‍പ്ലേറ്റ് മടക്കിവയ്ക്കുകയാണെങ്കില് ആര്.സി. ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടും.