റിയാസ് മൗലവി വധക്കേസ്: വിധി വീണ്ടും മാറ്റി വച്ചു; ഈ മാസം 30 ന് വിധി പറയും
കാസർകോട്: ചൂരിയിലെ മദ്റസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ
വെട്ടിക്കൊന്ന കേസിൽ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റി. മൗലവി കൊല്ലപ്പെട്ട വാർഷിക ദിനമായ ഇന്ന് വിധി പറയുമെന്നായിരുന്നു കോടതി നേരത്തെ അറിയിച്ചിരുന്നത്. വിധി പ്രസ്താവിക്കുന്നത് ഈമാസം 30 ലേക്കാണ് ജസ്റ്റീസ് കെകെ ബാലകൃഷ്ണൻ മാറ്റിവച്ചത്. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേൽനോട്ടത്തിൽ അന്നത്തെ ഇൻസ്പെക്ടർ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്. 2019 ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. ജഡ്മിമാരുടെ സ്ഥലം മാറ്റവും, കൊവിഡും കാരണം നിരവധി തവണ കേസ് മാറ്റിവെച്ചു.