വീട്ടിൽ കയറി രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു
ലക്നൗ: വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ബദൗണിലാണ് സംഭവം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്.
ബദൗണിലെ ബാബ കൊളനിയിലാണ് കൊല്ലപ്പെട്ട കുട്ടികൾ താമസിച്ചിരുന്നത്. ഇവരുടെ വീടിന് സമീപം ബാർബർ ഷോപ്പ് നടത്തിയിരുന്ന സാജിദാണ് കൊലപാതകം നടത്തിയത്. സാജിദും കുട്ടികളുടെ പിതാവ് വിനോദും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകിട്ട് വിനോദിന്റെ വീട്ടിലെത്തിയ സാജിദ് ചായ ചോദിച്ചുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കരികിലേക്ക് ഇയാൾ പോയി കൊല നടത്തുകയായിരുന്നു. ആയുഷ് (13), അഹാൻ (ഏഴ്) എന്നീ രണ്ട് കുട്ടികളെ കഴുത്തറുത്താണ് സാജിദ് കൊലപ്പെടുത്തിയത്. സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് വിനോദിന്റെ മൂന്നാമത്തെ മകൻ പീയുഷിനെയും (ആറ്) ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. വീടിന് സമീപത്ത് നിന്ന് സാജിദിനെ പിടികൂടിയെങ്കിലും ഇയാൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് പ്രതിയെ പൊലീസ് വെടിവച്ച് കൊന്നത്.
സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ബദൗൺ ജില്ലാ മജിസ്ട്രേറ്റ് മനോജ് കുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം സാജിദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.