പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബ് മറ്റ് ഇരകളെയും ലക്ഷ്യമിട്ടതായി വിവരം, നിർണായകമായി സ്ത്രീയുടെ മൊഴി
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസ് പ്രതി മുജീബ് റഹ്മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടതായി വിവരം. വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും പ്രതിയെത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് കൈമാറിയത്.
പതിനൊന്നാം തീയതി രാവിലെ പത്തുമണിയോടെയാണ് മുജീബ് റഹ്മാൻ വാളൂരിലെ ഇടറോഡിൽവച്ച് അനുവിനെ കൊലപ്പെടുത്തിയത്. ഈ സ്ഥലത്തിന് മുൻപുള്ള രണ്ട് ഇടറോഡുകളിൽ സമാനരീതിയിൽ കുറ്റകൃത്യം നടത്താൻ പ്രതി നീക്കം നടത്തിയതായുള്ള വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതി ഈ പ്രദേശങ്ങളിൽ കറങ്ങി നടന്നതായി ഒരു സ്ത്രീയാണ് പൊലീസിന് വിവരം നൽകിയിരിക്കുന്നത്.
അന്നേദിവസം പുലർച്ചെ മൂന്നരയോടെയാണ് പ്രതി മട്ടന്നൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. എന്നാൽ ഒൻപതരയോടെ മാത്രമാണ് ഇയാൾ വാളൂരിലെത്തിയത്. ഈ ആറുമണിക്കൂർ സമയം പ്രതി എവിടെയായിരുന്നുവെന്നും മറ്റെന്തെങ്കിലും കുറ്റകൃത്യം നടത്തിയോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.
ഇതിന് മുമ്പും നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയും സ്വര്‍ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി. 2020ൽ ഓമശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.
വയനാട്ടിലും സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്. മോഷണം, പിടിച്ചുപറി ഉൾപ്പെടെ അറുപതോളം കേസുകളിൽ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളിൽ മാത്രമാണ്. കരുതൽ തടങ്കലിൽ വയ്ക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനും കാപ്പ പോലുള്ള നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് ഇത്രയും കേസുകളിൽ പ്രതിയായ മുജീബ് സ്വൈര്യവിഹാരം നടത്തിയത്. ഇയാൾ താമസിക്കുന്ന കൊണ്ടോട്ടിയിൽ മാത്രം 13 കേസുകളുണ്ട്.