കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; രണ്ടുപേർ മംഗളൂരുവിൽ അറസ്റ്റിൽ
മംഗളൂരു: കേരളത്തിലേക്കു മയക്കുമരുന്നു കടത്താൻ ശ്രമിച്ച രണ്ടു പേർ മംഗളൂരുവിൽ അറസ്റ്റിൽ. ഉള്ളാൾ. സദക്കി സ്വദേശികളായ ഷാൻ നവാസ് (31), മുഹമ്മദ് അഷ്താഖ് (25) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നു രണ്ടേമുക്കാൽ ലക്ഷം രൂപ വിലവരുന്ന 35ഗ്രാം കൊക്കയിൻ മൂന്നു മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് ജാഗ്രത പാലിക്കുന്നതിനിടയിലാണ് ഇരുവരും അംബ്ലേമുഗർ എന്ന സ്ഥലത്ത് എത്തിയത്.
അറസ്റ്റിലായ പ്രതികളിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണുകളിലെ വിവരങ്ങൾ പരിശോധിച്ചു വരികയാണ് പൊലീസ്. ഫോണിലേയ്ക്കു വന്നതും പോയതുമായ കോളുകളും വാഴ്സ്ആപ്പ് ചാറ്റുകളും പരിശോധിക്കുന്നതോടെ പ്രതികൾക്കു കേരളത്തിലുള്ളവരുമായുള്ള ബന്ധവും മയക്കുമരുന്നു ശൃംഖലയുടെ അടിവേരുകൾ കണ്ടെത്താനും കഴിയുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കു കൂട്ടൽ.