മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ ഭേദഗതി, ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). പുതിയ മാറ്റം അനുസരിച്ച്, ഒരു സിം കാര്‍ഡിലെ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റിയാല്‍ ഏഴ് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ആ കണക്ഷന് മറ്റൊരു ടെലികോം സേവനദാതാവിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ജൂലായ് ഒന്ന് മുതലാണ് പുതിയ ഭേദഗതി നിലവില്‍ വരിക.
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്. വ്യാപകമായ സിം സ്വാപ്പ് തട്ടിപ്പുകള്‍ നേരിടുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. ഒരു സിം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആ സിം കാര്‍ഡിലെ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റാന്‍ ഉപഭോക്താവിന് സാധിക്കും. അതേസമയം ഉപഭോക്താവ് അറിയാതെ ഫോണ്‍ നമ്പറുകള്‍ മറ്റൊരു നമ്പറിലേക്ക് മാറ്റുന്ന തട്ടിപ്പുകളും നടക്കുന്നുണ്ട്.
ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക്ക് പോര്‍ട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്, സിം സ്വാപ്പ് ചെയ്യുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്തതിന് ശേഷം ഏഴ് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് യുപിസി കോഡിന് അപേക്ഷിച്ചാല്‍ കോഡ് നല്‍കില്ല.
ഫോണ്‍ നമ്പര്‍ മാറാതെ തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ അനുവദിക്കുന്ന സേവനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി). 2009 ലാണ് ഇത് അവതരിപ്പിച്ചത്. ‘PORT സ്പേസ് 10 അക്ക മൊബൈല്‍ നമ്പര്‍’ നല്കി 1900 ലേക്ക് എസ്എംഎസ് അയച്ചാല്‍ യുപിസി ലഭിക്കും. ഈ യുപിസിയുമായി പുതിയ കമ്പനിയെ സമീപിച്ചാല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനാവും.