സിബിഐ എത്തിയില്ല, പൊലീസ് കൈവിട്ടു; അന്വേഷണം നിലച്ച് സിദ്ധാർഥൻ കേസ്
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം സിബിഐയ്ക്ക് വിട്ടതോടെ സംസ്ഥാന പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടായി. സിബിഐ അന്വേഷണം പ്രഖ്യാപിച്ച ഒമ്പതാം തീയതിയാണ് രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ 20പേരുടെയും അറസ്റ്റ് പൂർത്തിയായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
സിബിഐ എത്തുന്നതുവരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നാണ് സിദ്ധാർത്ഥിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. തെളിവുകൾ നശിപ്പിക്കാൻ ഒത്താശ ചെയ്തുവെന്നും പരാതിയുണ്ട്. മർദനം നടക്കുന്ന സമയത്ത് സിദ്ധാർത്ഥിന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തയാളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി ജയപ്രകാശ് പറയുന്നു. കേസ് സിബിഐ ഏറ്റെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന ചോദ്യവും രക്ഷിതാക്കൾ ഉന്നയിക്കുന്നുണ്ട്.
ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കോളേജിലെ ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ എസ്എഫ്ഐ നേതാക്കൾ അടക്കം അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്ന് വൈത്തിരി പൊലീസ് പറഞ്ഞു. കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവനാണ് അന്വേഷണ ചുമതല.