ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കാസർകോട്: നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കള്ളാർ, ജുമാമസ്മിദിന് സമീപത്ത് അഷ്റഫിന്റെ മകൻ മുഹമ്മദ് അസ്കർ (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെ കള്ളാർ ടൗണിലാണ് അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അസ്കറിനെ പ്രഥമ ചികിത്സ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ അവിടെ വെച്ചാണ് രാത്രി അന്ത്യം സംഭവിച്ചത്. കുറച്ചുകാലം ഗൾഫിലായിരുന്ന അസ്ക്കർ നാട്ടിൽ തിരികെയെത്തി ആയുർവേദ മരുന്നുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്. മുഹമ്മദ് അസ്കറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ജമീലയാണ് മാതാവ്. സഹോദരങ്ങൾ: പരേതനായ അയ്യൽ. ഷറഫുദ്ദീൻ, അഷീഫ. അജൽ നാലു വർഷം മുമ്പ് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്. ഇതിന്റെ നടുക്കത്തിൽ നിന്ന് കുടുംബം മോചിതരായി വരുന്നതിനിടയിലാണ് ബൈക്ക് അപകടം മുഹമ്മദ് അസ്കറിനെ തട്ടിയെടുത്തത്.