19കാരിയായ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ; വിദ്യാഭ്യാസം സംബന്ധിച്ച് ഭർത്താവുമായി തർക്കമുണ്ടായിരുന്നെന്ന് വിവരം
തിരുവനന്തപുരം: പത്തൊൻപതുകാരിയായ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് സംഭവം. പേരേറ്റ്കാട്ടിൽ വീട്ടിൽ ലക്ഷ്മിയെന്ന യുവതിയാണ് മരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. തുടർവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണുമായി തർക്കങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ലക്ഷ്മിയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരടക്കമുള്ളവർ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിനൊന്ന് മാസം മുൻപായിരുന്നു വിവാഹം. ശേഷം ലക്ഷ്മിയും ഭർത്താവും വാടകവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. വീട്ടിൽ മറ്റ് ബന്ധുക്കളും താമസിക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.