കഞ്ചാവ് വലിപ്പിച്ച് ആണ്‍കുട്ടിയെ മൂന്നുവര്‍ഷത്തോളം പീഡിപ്പിച്ചു; യുവാവിന് 73 വര്‍ഷം കഠിനതടവ്
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 73 വര്‍ഷം കഠിനതടവും 3.6 ലക്ഷം രൂപ പിഴയും ശിക്ഷ. പറന്തല്‍ പൊങ്ങലടി കുറവന്‍ചിറ മറ്റക്കാട് മുരുപ്പേല്‍ വീട്ടില്‍ വിത്സനെ(30)യാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ജഡ്ജി ധോണി തോമസ് വര്‍ഗീസിന്റേതാണ് വിധി.
പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷവും ഒന്‍പതുമാസവും അധികശിക്ഷ അനുഭവിക്കണം. കുട്ടിയെ കളിസ്ഥലത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ ശൗചാലയത്തില്‍ കൊണ്ടുപോയി കഞ്ചാവ് വലിപ്പിച്ചും ലഹരിമരുന്നു നല്‍കിയും പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടി നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ മൂന്നുവര്ഷത്തോളമായിരുന്നു പ്രകൃതിവിരുദ്ധ പീഡനം.
കഞ്ചാവിന്റെ ഉപയോഗത്തെപ്പറ്റി അന്വേഷിക്കാനെത്തിയ എക്സൈസ് പ്രിവന്റീവ് ഓഫീസറോടാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൊടുമണ്‍ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ. വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.സ്മിത ജോണ്‍ ഹാജരായി.