മഞ്ചേശ്വരത്തെ ആൾക്കൂട്ടക്കൊല; പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, വീട്ടിലും തൂമിനാട് മൈതാനിയിലും തെളിവെടുപ്പ് നടത്തി
കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തൂമിനാട്ട് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്ന പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുഞ്ചത്തൂരിലെ അബ്ദുൽ റഷീദ്, കണ്വതീർത്ഥയിലെ സിദ്ദിഖ്. ഷൗക്കത്തലി എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു കൊണ്ട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായത്. ഇവരെ ആൾക്കൂട്ട മർദ്ദനം നടന്ന തൂമിനാട് മൈതാനിയിലും വീട്ടിലുമെത്തിച്ച് പൊലീസ് തെളിവെടുപ്പ് തുടങ്ങി. മദക്കള സ്വദേശിയായ മൊയ്തീൻ ആരിഫ് മാർച്ച് നാലിനാണ് മംഗളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത്. തലേ നാൾ മൊയ്തീൻ ആരിഫിനെ കഞ്ചാവ് ലഹരിയിൽ ബഹളം വെച്ചതിന് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി തന്നെ ഇയാളെ സഹോദരി ഭർത്താവായ അബ്ദുൽ റഷീദിന്റെ കൂടെ ജാമ്യത്തിൽ വിട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും ബൈക്കിൽ കയറ്റി തൂമിനാട് മൈതാനത്ത് എത്തിച്ച ശേഷം ഒരു കൂട്ടം ആൾക്കാർ മൊയ്തീൻ ആരിഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിന് ശേഷം വീട്ടിലെത്തിച്ചാണ് സംഘം മടങ്ങിയത്. പിറ്റേ ദിവസം രാവിലെ മൊയ്തീൻ ആരിഫ് രക്തം ഛർദ്ദിക്കുകയും മംഗളൂരുവിലെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം സംസ്കരിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ മൂന്നു പേരടക്കം ഒൻപതു പേർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലാകാൻ ബാക്കിയുള്ള ആറുപേരിൽ രണ്ട് പേർ ഗൾഫിലേക്ക് കടന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവരെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റു നാലു പേർ ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് ഒളിവിൽ പോയിട്ടുള്ളതായാണ് അന്വേഷണ സംഘത്തിന്റെ സംശയം.