കാസർകോട് ഓൺലൈൻ ഇടപ്പാടിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്:മുഖ്യകണ്ണി അറസ്റ്റിൽ;ഒരേ ദിവസം പിൻവലിച്ചത് 17 ലക്ഷം രൂപ
കാസർകോട്: ഓൺലൈൻ ഇടപ്പാടിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണിയായ കാഞ്ഞങ്ങാട് സ്വദേശി കുടുങ്ങി. കാഞ്ഞങ്ങാട്, ആറങ്ങാടി, അസീഫ മൻസിലിനെ മുഹമ്മദ് ഹനീഫയെയാണ് കൂത്തുപറമ്പ എ.സി.പി കെ.വി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം എസ്.ഐ ആർ.എൽ പ്രശാന്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടിയത്.
ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടന്ന ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പുകളുടെ പേരിൽ അറസ്റ്റിലായ ആദ്യ മലയാളിയാണ് മുഹമ്മദ് ഹനീഫയെന്ന് പൊലീസ് പറഞ്ഞു. വെളിയമ്പ്ര, പി.ആർ നഗറിലെ കൂളിപ്പയിൽ ഹൗസിൽ പി. സതീശൻ നൽകിയ പരാതിയിലാണ് പ്രതി അറസ്റ്റിലായത്. ഫെബ്രുവരി 29ന് ഫോണിലും വാട്ട്ആപിലും ബന്ധപ്പെട്ട അജ്ഞാതനാണ് ലോൺ ആപ് വഴി സതീശനു വായ്പ വാഗ്ദാനം നൽകിയത്. ആപ്പിൽ കയറി അപേക്ഷയും അപേക്ഷ തുകയും നൽകി. പിന്നീട് ഒരൊറ്റ ദിവസം നാലു തവണകളായി 1,17,000 രൂപ സതീശനെ കൊണ്ട് അടപ്പിച്ചു. ഇതോടെ താൻ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിഞ്ഞ സതീശൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഡൽഹിയിലെ ഒരു അക്കൗണ്ടിലേക്കാണ് പണം പോയതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അതേ അക്കൗണ്ടിൽ നിന്നു കാഞ്ഞങ്ങാട്ടെ അക്കൗണ്ടിലേക്കും പണമെത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രസ്തുത അക്കൗണ്ട് ഉടമ ഹനീഫയാണെന്നും ഇയാൾക്കാണ് പണമെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. മാർച്ച് ഒന്നിനു ഫെഡറൽ ബാങ്കിന്റെ കാഞ്ഞങ്ങാട്, കാസർകോട്, ഉദുമ ശാഖകളിൽ നിന്ന് 17,20,000 രൂപ പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുന്നു. ഉത്തരേന്ത്യൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഹനീഫയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.