ഓൺലെെൻ തട്ടിപ്പിൽ 1.40 ലക്ഷം രൂപ നഷ്ടമായി, പണം തിരികെ പിടിക്കാൻ അതേ രീതിയിൽ തട്ടിപ്പ്; യുവാവ് പിടിയിൽ
പാലക്കാട്: ഓൺലെെനിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് കരുവൻതുരുത്തി സ്വദേശി സുജിത്തിനെ (34) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓൺലെെനിലൂടെ യുവതിയിൽ നിന്ന് 1.93 ലക്ഷം രൂപ കെെക്കലാക്കിയെന്നാണ് കേസ്. വർക്ക് ഫ്രം ഹോം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വന്ന പരസ്യം കണ്ട് പണം നൽകിയ യുവതിയാണ് തട്ടിപ്പിന് ഇരയായത്.
ഉത്തരേന്ത്യൻ സംഘവും തട്ടിപ്പിന് പിന്നിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സുജിത്തിന് ഓൺലെെൻ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേ രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു. സുജിത്തിന് 1.40 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.