അബ്ബാസിന്റെ ആടുകളെ പട്ടാപ്പകൽ കടത്തിക്കൊണ്ടു പോയ സ്ത്രീ ആര്?
അറസ്റ്റിലായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കുമ്പള: മേയാൻ വിട്ട ആടുകളെ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഘത്തിലെ യുവാവിനെ നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കർണ്ണാടക ഷിമോഗ സ്വദേശി ഷഖുള്ള ഖാനി(22)നെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് കുമ്പള പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ വൻ ആട് മോഷണ സംഘത്തിലെ സൂത്രധാരന്മാരായ സ്ത്രീയേയും പുരുഷനെയും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.
മാസങ്ങൾക്ക് മുമ്പാണ് കുമ്പള പി.എച്ച്.സി റോഡിലെ അബ്ബാസിന്റെ ആടുകൾ മോഷണം പോയത്. ആടുകളെ ഐ.എച്ച്.ആർ.ഡി കോളേജ് പരിസരത്ത് മേയാൻ വിട്ടതായിരുന്നു. ഇവിടെ നിന്നാണ് പട്ടാപ്പകൽ നാലു ആടുകൾ മോഷണം പോയത്. അബ്ബാസിന്റെ ആടുകൾ നേരത്തെയും മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായി
നഷ്ടപ്പെട്ടത് തന്റെ മുതലാണെന്നും മോഷ്ടാക്കളെ കണ്ടെത്തിയേ തീരുവെന്നും നിലപാടെടുത്ത അബ്ബാസ് സഹോദരനെയും കൂട്ടി അന്വേഷണത്തിനിറങ്ങി. വിവിധ സ്ഥലങ്ങളിൽ റോഡരികിൽ വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കൾ ആടുകളെ കൊണ്ടു പോയതായി സംശയിക്കുന്ന പിക്കപ്പിന്റെ നമ്പർ കണ്ടെത്തി. വാഹനം തേടിയുള്ള അന്വേഷണം അതിർത്തി കടന്ന് കർണ്ണാടക ഷിമോഗയിലെത്തി. മോഷ്ടാവിനെ തിരിച്ചറിഞ്ഞ അബ്ബാസും സഹോദരനും കർണ്ണാടക പൊലീസിന്റെ സഹായം തേടിയെങ്കിലും മോഷണം നടന്നത് കേരളത്തിലായതിനാൽ അവിടെ പരാതി നൽകണമെന്നും കേസെടുത്താൽ സഹായിക്കാമെന്നും ഉറപ്പ് നൽകി. ഇതേ തുടർന്ന് അബ്ബാസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തത്.