കമ്പനി എം ഡി യുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി 41 ലക്ഷം തട്ടി, അറസ്റ്റിൽ
കൊച്ചി: ബിൽഡിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അതുപയോഗിച്ച് കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറിൽനിന്ന് 41 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശികളായ അജിത് കുമാർ (20), ഗുൽഷൻ കുമാർ (25) എന്നിവരെയാണ് ബിഹാറിലെ ഗോപാൽ ഗഞ്ചിൽനിന്നു കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ നാലുപേരെ കേസിൽ ബിഹാറിൽ നിന്ന് പിടികൂടിയിരുന്നു. ഇവരിൽനിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂട്ടുപ്രതികളെ കുടുക്കിയത്. അജിത് കുമാർ ഒരു പ്രമുഖ ബാങ്കിന്റെ പട്ന ബ്രാഞ്ചിലെ റിലേഷൻഷിപ്പ് ഓഫീസറായിരുന്നു. തട്ടിപ്പ് നടത്തിയതിനെത്തുടർന്ന് 2022-ൽ അവിടെ സൈബർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സുഹൃത്ത് ഗുൽഷൻ കുമാറുമായി ചേർന്ന് ജോബ് കൺസൾട്ടന്റ് എന്ന പേരിൽ ആളുകളുടെ വ്യക്തിവിവരം ശേഖരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
ബിൽഡിങ് കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ പരാതിയിൽ കഴിഞ്ഞ ജൂൺ ഒന്നാം തീയതിയാണ് കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ തട്ടിയെടുത്ത 25 ലക്ഷത്തോളം രൂപ യു.പി.യിൽനിന്നും 16 ലക്ഷം രൂപ ബിഹാറിൽനിന്നും എ.ടി.എമ്മിൽനിന്ന് പിൻവലിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പിനായി ഉപയോഗിച്ച മൊബൈൽ ഫോൺ നമ്പരുകളും അതിന്റെ ഐ.എം.ഇ.ഐ. നമ്പരും സി.സി.ടി.വി. ദൃശ്യങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
2023-ൽ വ്യാജ ആധാർ കാർഡ് നിർമിക്കാൻ ശ്രമിച്ചതിന് ഗോപാൽഗഞ്ച് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. ഗോപാൽഗഞ്ച് സൈബർ പോലീസിന് ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.