കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് യെദിയൂരപ്പ രംഗത്തെത്തി. ഒന്നര മാസം മുൻപാണ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയത്. കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് താൻ അന്വേഷിച്ചിരുന്നു. എന്നാൽ അത് ഇത്തരം ഒരു കേസാകുമെന്ന് താൻ കരുതിയില്ലെന്നും യെദിയൂരപ്പ പ്രതികരിച്ചു.
പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. പരാതി നൽകിയ സ്ത്രീക്ക് മാനസിക പ്രശ്നങ്ങളുണ്ട് എന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വിവരം ഉണ്ടെന്നും ജി പരമേശ്വര പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും വ്യക്തമായി പറയാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.