രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന ഒന്നരക്കിലോ സ്വർണം പിടികൂടി
തോല്പെട്ടി: കേരള-കർണാടക അതിർത്തിയായ തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റിലൂടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 1.6 കിലോ സ്വർണം പിടികൂടി. മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശികളായ മദാരി ഹൗസിൽ എം. നൗഫൽ (39), ചെടിയാൻ തൊടിയിൽ വീട്ടിൽ സി.ടി. റഷീദ് (44), കരിമ്പുഴ പൊറ്റമ്മൽഹൗസിൽ പി. നസീമ (40) എന്നിവർ സഞ്ചരിച്ച കാറിൽനിന്നാണ് സ്വർണം പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വയനാട് അസി. എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നേതൃത്വത്തിൽ തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥരും വയനാട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥരും വയനാട് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീമും ചേർന്ന് വ്യാഴാഴ്ച പുലർച്ചെ രണ്ടിനു നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സ്വർണം ചരക്കുസേവന നികുതി വിഭാഗത്തിന് കൈമാറിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഐ.ബി. ഇൻസ്പക്ടർ കെ. ഷാജി, അസി. എക്സൈസ് ഇൻസ്പെക്ടർ വി. രാജേഷ്, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, സന്തോഷ് കൊമ്പ്രക്കണ്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. രജിത്ത്, പി.എൻ. ശശികുമാർ, കെ. അനൂപ് കുമാർ, ഇ. ജെയ്മോൻ, എക്സൈസ് ഡ്രൈവർമാരായ കെ.കെ. ബാലചന്ദ്രൻ, കെ. പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.