കാസർകോട് നഗരത്തിൽ വീണ്ടും കവർച്ച; 1.5 ലക്ഷം രൂപ കവർന്നു;വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസിലെ ലോക്കർ കടത്തിക്കൊണ്ടു പോയി
കാസർകോട്: കാസർകോട് നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കവർച്ച. രാത്രികാല
കാവൽക്കാരനുള്ള കാസർകോട് വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസിൽ അതിക്രമിച്ചു
കടന്ന കവർച്ചക്കാർ ലോക്കർ ഇളക്കിയെടുത്ത് കൊണ്ടു പോയി. ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. കാസർകോട്, എ.ടി റോഡിൽ
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള ജില്ലാ വ്യാപാര ഭവനിലാണ്
ക്ഷേമ സഹകരണസംഘം പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് മണിയോടെ ഓഫീസ്
തുറക്കാൻ എത്തിയ ജീവനക്കാരാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. വ്യാപരഭവന്റെ
പിൻഭാഗത്തു കൂടി മതിൽ ചാടിക്കടന്ന മോഷ്ടാക്കൾ വാതിൽ തകർത്താണ് അകത്ത് കടന്നത്.
തുടർന്ന് നിലത്ത് അലമാരക്ക് അകത്ത് ഉറപ്പിച്ചിരുന്ന ലോക്കർ ഇളക്കിയെടുത്ത് കൊണ്ടു
പോവുകയായിരുന്നു. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോറൻസിക് വിദഗ്ദരും പൊലീസ് സ്ക്വാഡും പരിശോധനക്ക് എത്തി. നഗരത്തിൽ കവർച്ച
വ്യാപകമായ സാഹചര്യത്തിൽ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നു വ്യാപാരി
വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, ജില്ലാ പൊലീസ്
മേധാവിയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് നാളെ വൈകുന്നേരം നാലിന് കാസർകോട് ടൗൺ
പൊലീസ് സ്റ്റേഷനിൽ പൊലീസ് വ്യാപാരികളുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചു.
ഏതാനും ദിവസങ്ങളായി കാസർകോട് നഗരത്തിൽ കവർച്ചകൾ പെരുകിയത് ജനങ്ങളിലും
വ്യാപാരികൾക്കിടയിലും ഭീതി ഉയർത്തിയിട്ടുണ്ട്