ന്യൂഡൽഹി : ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല. വാര്‍ത്താ ഏജന്‍സി യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാഹുല്‍ രാജ്യത്തില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, പ്രിയങ്കാ ഗാന്ധി, പി ചിദബരം, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.അതേസമയം രാഹുലിനെ സംബന്ധിച്ചു കോൺഗ്രസ്സ് നേതൃത്വവും ഒന്നും പുറത്തുവിടാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അദ്ഭുതവും പരിഹാസവും പരത്തിക്കഴിഞ്ഞു.
അതേസമയം, കലാപത്തില്‍ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 190 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 56 ഓളം പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. മുസ്തഫാബാദ്, ചാന്ദ്ബാഗ്, യമുനാ വിഹാര്‍ എന്നിവിടങ്ങളില്‍ കലാപകാരികള്‍ വ്യാപകമായി വീടുകളും വാഹനങ്ങളും തീയിട്ടു. വെടിയേറ്റ് 70 പേര് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
സംഘര്‍ഷം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാല് പൊലീസ് സ്റ്റേഷന് പരിധിയില്‍ കണ്ടാലുടന്‍ വെടിവെയ്ക്കാനുള്ള ഉത്തരവ് ഡല്‍ഹി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്. അതേസമയം, സീലംപൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. കലാപത്തെ തുടര്‍ന്ന് അടച്ച മെട്രൊ സ്റ്റേഷനുകള്‍ തുറന്നു.