മഞ്ചേശ്വരത്തെ ആൾക്കൂട്ടക്കൊല; പ്രതികൾക്കെതിരെ റെഡ് കോർണർ നോട്ടീസ്; ഗൾഫിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും
കാസർകോട്: പൊലീസ് അറസ്റ്റു ചെയ്ത ബന്ധുക്കളുടെ ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കൊലക്കേസുകൾ അടക്കമുള്ള കുറ്റകൃത്യങ്ങൾ തെളിയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മീയാപ്പദവ്, മദക്കള സ്വദേശി മൊയ്തീൻ ആരിഫ് (22) മാർച്ച് അഞ്ചിനാണ് കൊല്ലപ്പെട്ടത്. നാലാം തിയതി രാത്രി കഞ്ചാവ് ലഹരിയിൽ ബഹളം വെച്ച മൊയ്തീൻ ആരിഫിനെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. അന്ന് രാത്രി തന്നെ സഹോദരി ഭർത്താവ് അബ്ദുൽ റഷീദിന്റെ കൂടെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അതിന് ശേഷം മൊയ്തീൻ ആരിഫിനെ ബൈക്കിൽ കയറ്റി കൊണ്ടു പോയി തൂമിനാട് മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദ്ദിച്ച ശേഷമാണ് വീട്ടിൽ എത്തിച്ചത്. പിറ്റേ ദിവസം രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സ്വാഭാവിക മരണമാണെന്ന നിലയിൽ മൃതദേഹം മറവു ചെയ്യാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാരുടെയും പൊലീസിന്റെയും ഇടപെടൽ കാരണം അതിന് കഴിഞ്ഞില്ല. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ വിദഗ്ഗ പോസ്റ്റുമോർട്ടത്തിലാണ് ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് ഒൻപത് പേർക്കെതിരെ കേസെടുത്ത പൊലീസ് മൊയ്തീൻ ആരിഫിന്റെ സഹോദരി ഭർത്താവ് അബ്ദുൽ റഷീദ്, കൂട്ടുപ്രതികളായ സിദ്ദിഖ്, ഷൗക്കത്ത് എന്നിവരെ അറസ്റ്റു ചെയ്തു. ഇവർ റിമാന്റിലാണ്. കേസിൽ ഇനി ആറു പേരെയാണ് കിട്ടാനുള്ളത്. ഇവരിൽ അഞ്ചു പേർ ഗൾഫിലേക്ക് കടന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്. നേരത്തെയും ഗൾഫിലേക്ക് പോയിട്ടുള്ളവരാണ് ഇരുവരും. ഇരുവരെയും കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നോട്ടീസ് പുറത്തിറക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയാണ് ലക്ഷ്യം. മറ്റു നാലു പ്രതികളിൽ രണ്ടു പേർ ബംഗളൂരുവിലും മറ്റു രണ്ടു പേർ ഗോവയിലുള്ളതായുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള സൂചന.